Thursday, 22 November 2012

Dreams never Die


"വളരെ വളരെ തണുത്തൊരു  അന്തരീക്ഷം.. മഴപെയ്ത് തോര്‍ന്ന നനുത്ത രാത്രി.. മാനത്ത്  പാല്‍നിലാവ് പൊഴിച്ച് കൊണ്ട്  പൂര്‍ണചന്ദ്രന്‍..

ഞാന്‍ നടന്നു നടന്നു ആ അരുവിയുടെ അടുത്തെത്തിയിരുന്നു.  ഒരു കുന്നിനെ ചുറ്റി ഒഴുകുന്ന അരുവി, പച്ചപുല്ലുകള്‍ വെച്ച് പിടിപിച്ചു ആരോ മനോഹരമാക്കിയ കുന്നു.. അതിനു ചുറ്റും ഒഴുകുകുയാണ് ആ അരുവി.. 

പ്രണയിനിയെ പുണര്‍ന്നു കിടക്കുന്ന പോലെ കുന്നിന്റെ ഒരു ഭാഗം ചരിഞ്ഞു അരുവിലേക്ക് നീണ്ടു കിടന്നിരുന്നു .. അരുവിയുടെ നേര്‍ത്ത ഒരു ഭാഗത്തിലൂടെ ഞാന്‍ കുന്നിനരുലെക്കെത്തി കുഞ്ഞു ഓളങ്ങളില്‍ കാലുകളിട്ടു രസിച്ചു കൊണ്ടിരുന്നു..

കാടിന്റെ പ്രകൃതിയുടെ കാറ്റിന്റെ നിലാവിന്റെ എല്ലാം വശ്യമായ  സൗന്ദര്യം എന്നില്‍  നിറയുകയായിരുന്നു..

പതിയെ നനുത്ത പുല്‍തകിടിയിലേക്ക്  ഞാന്‍ മെല്ലെ ചാഞ്ഞു.. പുല്ലിന്റെ നേര്‍ത്ത അഗ്രങ്ങളിലെ മഞ്ഞു തുള്ളികള്‍ എന്നെ കുളിരണിയിച്ചു..  എപ്പോളോക്കെയോ ഒരു തണുത്ത കാറ്റ്  ഒന്നിന് പുറകെ ഒന്നായി താഴുകിയകന്നു പോയ്കൊണ്ടിരുന്നു.. ഓരോ കാറ്റിലും മത്തുപിടിപ്പിക്കുന്ന മണമുണ്ടാര്‍ന്നു.. അരുവിക്കപ്പുറം പൂത്തുലഞ്ഞു നില്‍ക്കുന പൂമരത്തിലെ വെള്ള പൂക്കളുടെ സുഗന്ധം.. കാറ്റിന്റെ കൂടെ ചുവടുവച്ച്‌  അതില്‍  ചിലത് അരുവിലേക്ക് വീഴുന്നുണ്ടാര്‍ന്നു.. ഓളങ്ങളില്‍ തുള്ളി അവ എന്റെ കാലുകളെ തൊട്ടുരുമി സ്നേഹം പ്രകടിപ്പിച്ചു .

വെണ്മയില്‍ നിറഞ്ഞു നില്‍ക്കുന്ന ചന്ദ്രനിലേക്ക് പായിച്ച എന്റെ കണ്ണുകള്‍ വിടര്‍ന്നു.. ദൂരെ അവിടെയിവടായി നിന്നിരുന്ന മരങ്ങളും ചുറ്റും നിറഞ്ഞ മൈതാനവും കുന്നും എല്ലാം നിലാവിന്റെ തെളിമയില്‍ ശോഭിച്ചു നിന്നു ..

സുഖമായ അനുഭൂതിയില്‍ കണ്ണുകള്‍ മെല്ലെ അടഞ്ഞു പോയ നേരം അത് എന്നടുത്തു വന്നു.. ഒരു വെള്ള കുതിര.. കുന്നിനരുകിലൂടെ അവള്‍ മെല്ലെ അരുവിയിലെ വെള്ളം കുടിച്ചു.. വെന്മായര്‍ന്ന അവളുടെ വാലുകള്‍  വെള്ളി രോമങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാവണം..പുല്‍മേട്ടിലൂടെ മേഞ്ഞു നടന്നു അവള്‍ എന്നരുകില്‍ തന്നെ എത്തി എന്നോട് ചേര്‍ന്നിരുന്നു................

പൊടുന്നനെ കണ്ണുകള്‍ തുറന്നു പോയി.. റൂമിലെ കുറെ പുസ്തകങ്ങളും മുഷിഞ്ഞ തുണികളും അല്ലാതെ വേറൊന്നു എന്നരുകില്‍ ഇല്ലായിരുന്നു.. 

വീണ്ടും കണ്ണുകള്‍  ഇറുക്കെ  അടച്ചു നോക്കി.. തിരികെ പോകുവാന്‍.. പ്രകൃതിയുടെ ആ മായാ ലോകത്തിലേക്ക് .. സ്വയം അലിഞ്ഞില്ലാതെയായ  ആ കാഴ്ചയിലേക്ക് .. എങ്കിലും  വീണ്ടും ശ്രമിച്ചിട്ടും  പിന്നിടൊരിക്കലും പിടിതരാതെ എന്റെ സ്വപ്നം.. ! "

ഇതെനിക്ക് വാക്കുകളിലൂടെ പകര്‍ന്നു കിട്ടിയ ചിത്രം.. ഇത്രയും മനോഹമായി എനികത് അനുഭവേദ്യമയെങ്കില്‍ ആ സ്വപ്നം എനിക്ക് പകര്‍ന്നു തന്ന ആളുടെ മനസിനും ആ സ്വപ്നത്തിനും എത്രയിരട്ടി ഭംഗിയുണ്ടായിരുന്നിരിക്കണം ...!

For my dear brother........ dear friend... 


(The dream in my view..)